കണ്ണൂർ: ആറളം പുനരധിവാസ മേഖലയിൽ വാസയോഗ്യമായ 555 പ്ലോട്ടുകൾ കണ്ടെത്തി യോഗ്യരായ 220 പേർക്ക് ആദ്യഘട്ടത്തിൽ വിതരണം ചെയ്യമെന്ന് പ്രഖ്യാപനം.
നിലവിൽ പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ച 220 പേർക്കാണ് വിതരണം ചെയ്യുക. ഇതിനായി തഹസിൽദാർ, സർവ്വേയർമാർ എന്നിവരുമായി കൂടിയാലോചിച്ച് കൈവശ രേഖ അനുവദിക്കുന്നതിനുള്ള നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന്ഐ ടി ഡി പി പ്രൊജക്ട് ഓഫീസർക്ക് നിർദേശം നൽകിയതായി ജില്ലാ വികസന സമിതിയിൽ ഡെപ്യൂട്ടി കലക്ടർ (എൽ ആർ) അറിയിച്ചു.
ആറളം പുനരധിവാസ മേഖലയിൽ 2024 ജൂലൈ അഞ്ചിന് 307 കൈവശാവകാശ രേഖകൾ റദ്ദ് ചെയ്തതിൽ നിലവിൽ ഒരുമാസം കാലാവധി കഴിഞ്ഞതിനാൽ പ്ലോട്ടുകളുടെ സർവ്വേ നടപടികൾ കൂടി ആരംഭിക്കുന്നതിന് ഇരിട്ടി തഹസിൽദാർക്ക് നിർദ്ദേശം നൽകിയതായി ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) അറിയിച്ചു.
കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈനിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് എത്രയും പെട്ടെന്ന് തീരുമാനമെടുക്കാനും നിർത്തിവെച്ച പ്രവൃത്തികൾ ഉടൻ ആരംഭിക്കാനും ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ആവശ്യപ്പെട്ടു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി ചെയർമാൻ പങ്കെടുക്കുന്ന യോഗം സെപ്റ്റംബർ മൂന്നിന് കണ്ണൂരിൽ ചേരുമെന്ന് എ ഡി എം കെ നവീൻ ബാബു അറിയിച്ചു. പ്രധാനപ്പെട്ട റൂട്ടുകളിൽ പോലും നിലവിൽ രാത്രികാലങ്ങളിൽ ബസുകൾ ഓടുന്നില്ലെന്നും ഇത് ജനങ്ങൾക്ക് ബുദ്ധി മുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഇതിന് പരിഹാരം കാണാൻ മോട്ടോർ വാഹന വകുപ്പ് ഉടൻ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
പടിയൂരിലെ കല്ല്യാട് വില്ലേജിൽ അനധികൃതചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് നൂറോളം കേസുകൾ എടുത്തതായും സർക്കാരിലേക്ക് തുക ഈടാക്കുവാൻ തുടർനടപടി സ്വീകരിച്ചു വരികയാണെന്നും ജിയോളജി വകുപ്പ് അറിയിച്ചു.
നെടുംപൊയിൽ ചുരത്തിൽ മാലിന്യം തള്ളുന്നത് തടയുവാനായി രാത്രികാല പരിശോധനയും പകൽ പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ടെന്നും , ചുരം ഭാഗങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പ്രദേശം ശുചീകരണം നടത്തുന്നതിന് നേതൃത്വം നൽകിയിട്ടുണ്ടെന്നും, കണിച്ചാർ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മാലിന്യ നിക്ഷേപം തടയുന്നതിനായി റോഡരികിൽ ഉയരത്തിൽ കമ്പിവേലി നിർമ്മിച്ചിട്ടുണ്ടെന്നും ഡിഎഫ്ഒ അറിയിച്ചു.
പഴയങ്ങാടി റെയിൽവേ അണ്ടർ പാസിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാൻ പുതിയ അണ്ടർ പാസ് പണിയുന്നതിനായി പ്രൊപ്പോസൽ സമർപ്പിച്ചതായി പൊതുമരാമത്ത് (നിരത്ത്) വിഭാഗം അറിയിച്ചു.
സോയിൽ പൈപ്പിംഗ് പ്രതിഭാസത്തെത്തുടർന്ന് വീടുകൾ അപകടാവസ്ഥയിലായ കേളകം കൈലാസംപടിയിലെ കുടുംബങ്ങളുടെ സ്ഥിരമായ പുനരധിവാസ നടപടികൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദേശ പ്രകാരം സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ (ഡി.എം.) അറിയിച്ചു.
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ പരാതി പ്രകാരം പരിശോധന നടത്തിയതായും നിയമലംഘനങ്ങൾ കണ്ടതിനാൽ സ്റ്റോപ്പ് മെമ്മോ നൽകിയതായും ജിയോളജി വകുപ്പ് അറിയിച്ചു.
എ ഡി എം കെ നവീൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രതിനിധി അജിത്ത് മാട്ടൂൽ, ഷാഫി പറമ്പിൽ എംപിയുടെ പ്രതിനിധി എംപി അരവിന്ദാക്ഷൻ, കെസുധാകരൻ എംപിയുടെ പ്രതിനിധി ടി ജയകൃഷ്ണൻ, എം എൽ എ മാരുടെ പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
555 habitable plots will be found in Aralam rehabilitation area and will be given to 220 people first.